Thursday, 10 May 2012

കവിതപ്പൊട്ടുകള്‍

ഹൃദയം


അക്ഷരങ്ങള്‍ മഷിയുപേക്ഷിച്ചു
ഇലക്ട്രിക് ധാരകളായി
ഡോട്ട് കോമിലേക്ക്
കൂട് കൂട്ടിയിട്ടും.. 
ചിത്രങ്ങള്‍ 
ചായങ്ങളുപേക്ഷിച്ചു 
ഗ്രാഫിക്സില്‍ പടര്‍ന്നിട്ടും..
ഹൃദയമെന്തേ 
ഇപ്പോഴും 
ആ പഴയ 
വികാരങ്ങളുടെ 
വലക്കണ്ണികള്‍ 
എണ്ണിക്കൊണ്ടേയിരിക്കുന്നു  



ഓര്‍മ്മ




എന്‍റെ ഓര്‍മ്മകള്‍ തൂവല്‍ പോലെയാണ്
ചിലപ്പോള്‍ നനുത്ത ഭാഗം കൊണ്ട് തലോടുകയും 
ചിലപ്പോള്‍ കൂര്‍ത്ത മുനയാല്‍
കുത്തി നോവിക്കുകയും ചെയ്യുന്ന 
നീണ്ട തൂവല്‍ 


സ്നേഹം 




വികലാംഗനായ സ്നേഹം 
  വലിഞ്ഞു വലിഞ്ഞു നടക്കുന്നു
സ്വപ്‌നങ്ങള്‍ പൊടിച്ചിട്ട ചില്ല് പാളികളിലൂടെ.. 
കാലം കൊത്തിയ ചുളിവുകളും 
കീറിയ മുറിവുകളും പേറി...
ഉള്ളെരിയുന്ന വെളിച്ചത്തെ
 കൂട്ടുപിടിച്ച്...




സാഫല്യം




എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു
നിമിഷശലഭങ്ങളോടവന് അസൂയയാണെന്ന്‍..
സ്വയമെരിഞ്ഞു തീരുമെന്നറിഞ്ഞിട്ടും 
ദീപത്തെ പ്രണയിക്കാതിരിക്കാന്‍ 
അവയ്ക്കാകുന്നില്ലല്ലോ..
ആത്മാവിലുറച്ച സ്നേഹം
നഷ്ടങ്ങളുടെ കണക്കെടുക്കാതെ..
ഒരു നിമിഷജീവിതം..പക്ഷെ,
 സ്നേഹം സര്‍വ്വം..സമ്പൂര്‍ണം..


  

മനസ്സ്‌





മനസ്സില്‍ ആകാശത്തിലെ
 മേഘങ്ങള്‍ ഉരുണ്ടുകൂടവേ..
സമുദ്രത്തിലെ തിരകള്‍ അലയടിക്കവേ..
കടല്‍ക്കരയിലെ കോണിനെ ഞാനിഷ്ടപ്പെടുന്നു..
അവിടെ ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നു..
എന്‍റെ മനസ്സുപോലെ..
അത് വെറും തോന്നലാണെന്നു
 ആരോ പറയുന്നുണ്ടായിരുന്നു.. 


ജീവിതം



കടലാസും പെന്‍സിലും ചായപ്പെട്ടികളുമായി ഞാനിരുന്നു..
എന്‍റെ ജീവിതത്തിന്റെ രൂപം വരയ്ക്കുവാന്‍..
ചിത്രത്തിന്‍ വക്കുകള്‍ക്ക് വ്യക്തത വരുത്തവെ,
കൈകളില്‍ നിന്ന് അവിവേകവും അശ്രദ്ധയും വിരല്‍ നീട്ടി
തട്ടിമറിച്ചതാണീ ചായപാത്രം..
പടര്‍ന്നുകയറിയ ചായങ്ങളില്‍ എനിക്കെന്നെ നഷ്ടപ്പെട്ടെങ്കിലും
ചിത്രമിപ്പോള്‍ വര്‍ണസമ്പന്നമായ കൊളാഷ്..

പ്രതീക്ഷ




ഞാന്‍ തന്ന മഞ്ഞുതുള്ളിയില്‍
നിന്‍ സ്നേഹരശമിയുടെ
ഗുപ്തവര്‍ണ്ണം ചാലിക്കുമോ..
കാണണം നമുക്കൊരു  മഴവില്ല്..




6 comments:

  1. മനോഹരം....നന്നായിട്ടുണ്ട്..:)

    ReplyDelete
    Replies
    1. നന്ദി..ഈ വഴി വന്നതിനും വായനക്കും..അഭിപ്രായത്തിനും

      Delete
  2. >>>>എന്‍റെ ഓര്‍മ്മകള്‍ തൂവല്‍ പോലെയാണ്
    ചിലപ്പോള്‍ നനുത്ത ഭാഗം കൊണ്ട് തലോടുകയും
    ചിലപ്പോള്‍ കൂര്‍ത്ത മുനയാല്‍
    കുത്തി നോവിക്കുകയും ചെയ്യുന്ന
    നീണ്ട തൂവല്‍ >>>

    vaasthavam!:)

    ReplyDelete
    Replies
    1. അംഗീകാരം വളരെ വിലമതിക്കുന്നു..നന്ദി..

      Delete
  3. നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി..

      Delete