Wednesday 29 August 2012

വാസ്തവ്..



വീശിയടിച്ച കാറ്റില്‍ ജനല്‍പ്പാളികള്‍ കട കട ശബ്ദം പുറപ്പെടുവിച്ചു..കൊളുത്ത്‌ ഒന്നുകൂടി അടുപ്പിക്കാനായി ഞാന്‍ എഴുന്നേറ്റുചെന്നു.പുറത്ത് കറുത്ത വെള്ളത്തുള്ളികള്‍ ചിതറിത്തെറിക്കുന്നു..വഴിയോരത്ത്‌ പ്ലാസ്റ്റിക്‌ കൂടുകള്‍ക്കിടയില്‍ ആളുകള്‍ കൂനിക്കൂടിയിരുന്നു..കുട്ടികള്‍ നനഞ്ഞുകൊണ്ട് അലഞ്ഞുനടന്നു..

    “ആശാ കി ആനന്ദാ  ആകാശെ ബാതാഷേ..
    ശാഖെ ശാഖെ പാഖി  ദാകെ..
    കോതോ ശോഭാ ചാരിപാഷേ...”

തയ്യല്‍ മെഷീനിന്റെ താളത്തിനൊപ്പം മോണാലി ദീദി പാടി ..പുറകില്‍ ചെന്നുനിന്നു എന്‍റെ ദുപ്പട്ട ദീദിയുടെ കഴുത്തിലൂടെ  ഇട്ട്  കൈവളയാല്‍  തോളില്‍ തട്ടിക്കൊണ്ടു ഞാന്‍ ഏറ്റുപാടി.."അന്ജിത ഇവിടെയിരിക്കൂ "..മുന്‍പിലേക്ക്  കസേര നീക്കിയിട്ട് അവര്‍ ആവശ്യപെട്ടു.. ഓര്‍മ്മകളില്‍ തിളങ്ങിയ കണ്ണുകള്‍ എന്നെ നോക്കി ചിരിച്ചു.ഇങ്ങനെ ഓര്‍മ്മകളില്‍ ലയിക്കുമ്പോളൊക്കെ വാക്കുകളാല്‍ അവരെന്നെ കൂട്ടികൊണ്ടുപോകാറുണ്ട്..

അകലെ പുരൂലിയയില്‍ അവര്‍ ജനിച്ച മനിഹാരയിലേക്ക്..നെല്ലും കടുകും ഉരുളക്കിഴങ്ങും നിറഞ്ഞ പാടങ്ങളിലൂടെ നൃത്തം വെച്ചു പിന്നിട്ട ബാല്യത്തിലേക്ക്..മഴ പെയ്തു നിറയണ പാടത്ത് പെണ്‍കുട്ടികള്‍ക്കായുളള “ഛാത്താ പോര്‍ബോ”യെക്കുറിച്ച്.ഉത്സവത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലൂടെ കുടയുടെ മറവിലൂടെ തന്നിലേക്കെത്തിയ കണ്ണുകളുടെ സ്നേഹത്തില്‍ ലോകം മാറിമറിഞ്ഞതിനെക്കുറിച്ചു..


കൊച്ചുവീടിന്റെ ചാരത്തുകൂടിയോഴുകുന്ന “ജോല്‍ധാര”യെക്കുറിച്ചു..അതിന്‍റെ കരയില്‍ പാട്ടിലും സ്വപ്നങ്ങളിലും പൂത്തുലഞ്ഞ പ്രണയത്തെക്കുറിച്ച്..സ്വപ്നങ്ങള്‍ മണ്ണിലിറക്കി നട്ടുവളര്‍ത്താന്‍ ജോലി തേടി പോയി എന്നേക്കുമായി മണ്ണില്‍ ലയിച്ച തന്‍റെ  നഷ്ടത്തെക്കുറിച്ച്..പിന്നെയെപ്പൊഴോ വിധി കൈ നീട്ടി സമ്മാനിച്ച ശംഖുവളയോടും സിന്ദൂരത്തോടുമൊപ്പം ഗ്രാമമുപേക്ഷിച്ച് നഗരത്തിലെത്തിയതിനെക്കുറിച്ച്..കഷ്ട്ടപ്പാടുകള്‍ ഞെരുക്കുമ്പോഴും സ്നേഹത്താല്‍ പൊതിഞ്ഞ മാണിക്ക്‌ദായെക്കുറിച്ച്..

എവിടെയോ നിശ്ചലമായ ഓര്‍മ്മകളില്‍ ശൂന്യമായി അവര്‍ പുറത്തേക്കുനോക്കി.. കുട്ടികള്‍ ഇതുവരെ എത്തിയില്ലല്ലോ ..പുറത്ത്   കാറ്റിന് ശക്തി കൂടികൊണ്ടിരിക്കുന്നു..

അന്നും ഇങ്ങനെ കാറ്റ് വീശുന്ന മഴയായിരുന്നു...

                     ***                     ***                          ***
എന്‍റെ പ്രഭാതങ്ങളിലേയും സായാഹ്നങ്ങളിലേയും ഏകാന്തവീഥികളില്‍ കനത്ത ബഹളവുമായി കൊല്‍ക്കത്ത ഒഴുകിക്കൊണ്ടിരുന്നു..വിരലുകളില്‍ നിറയെ മോതിരമിട്ട പുരുഷന്മാരും കടും നിറങ്ങളില്‍ പൊതിഞ്ഞ സ്ത്രീകളും തെരുവോരങ്ങളെ നിബിഡമാക്കി.ഭിത്തികളില്‍ ആലിന്‍തയ്കള്‍ വളരുന്ന ചുമപ്പും ചാരവും കലര്‍ന്ന കെട്ടിടങ്ങള്‍ പഴയ പ്രതാപസ്മരണകളില്‍ തലയുയര്‍ത്തിനിന്നു..

നീലചായമടിച്ച ബസ്സുകള്‍ക്കും മഞ്ഞക്കാറുകള്‍ക്കുമിടയിലൂടെ ഞാനെന്നും എന്‍റെ  ഹോസ്റ്റലിലേക്ക് നടന്നു..കാവിസാരിയുടുത്ത സിസ്റ്റെഴ്സിന്റെ ആ വിമന്‍സ് ഹോസ്റ്റല്‍, ഇരമ്പുന്ന നഗരത്തിനു നടുവില്‍ സ്വച്ഛവും ശാന്തവുമായ ഒരു പച്ചക്കൂടാരമായിരുന്നു..അതിന്‍റെ മതില്പ്പുറത്തു വഴിയോരത്ത് കൂട്ടംകൂട്ടമായി ഭിക്ഷക്കാര്‍ അഭയാര്‍ഥികളെപ്പോലെ തമ്പടിച്ചു..കുറച്ചുമാറി  മെലിഞ്ഞുണങ്ങിയ മനുഷ്യറിക്ഷക്കാരും..

സാനന്ദ ഹാളില്‍ സുഹൃത്ത് ബ്രിന്ദയുടെ ചിത്രപ്രദര്‍ശനം കണ്ട് മടങ്ങിയ ഒരു വൈകുന്നേരമാണ് ആ കുടുംബത്തെ ഞാന്‍ ശ്രദ്ധിച്ചത്..ദുരിദങ്ങളുടെ ചാരനിറത്തിനു മീതെ സ്നേഹത്തിന്റെ നിറം  ചേര്‍ത്ത മനോഹരചിത്രം പോലെ അവര്‍ ആ കൊച്ചുപെട്ടിവീടിന്‍റെ  മുന്‍പില്‍ ചേര്‍ന്നിരുന്നു..ആ കുടുംബനാഥന്‍ ഇന്നലെ വൈകിട്ട് രണ്ടു തടിച്ച സ്ത്രീകള്‍ കയറിയ   തന്‍റെ  റിക്ഷ കിതച്ചുകൊണ്ട് വലിക്കുന്നത് കണ്ടിരുന്നു. 


ഇപ്പോള്‍ അയാള്‍ ഒരു പാത്രത്തില്‍ ചോറും പരിപ്പും ഉരുളക്കിഴങ്ങുകറിയും കൂട്ടികുഴച്ച് കഴിക്കുകയാണ് ഒപ്പം രണ്ടുവശത്തുമിരിക്കുന്ന കുട്ടികള്‍ക്ക് വാരിക്കൊടുക്കുന്നു. കൈകള്‍ നിറയെ വളയിട്ട, ചുമന്ന സാരി തലവഴി ഇട്ട  ഭാര്യ സംതൃപ്തിയോടെ അയാളുടെ അരികിലിരുന്നു..ഒരു ചോറുരുള അയാള്‍ ഭാര്യക്ക് നീട്ടി..ലജ്ജയും സ്നേഹവും കലര്‍ന്ന ഭാവത്തോടെ അവരത് കഴിച്ചു ..കുട്ടികള്‍ പരസ്പരം തല്ലുകൂടുകയും പിന്നെ ചിരിക്കുകയും ചെയ്തു..മൂത്ത ആണ്‍കുട്ടി ചില പൊട്ടിയ റബ്ബര്‍ കഷണങ്ങളും പ്ലാസ്റ്റിക്കുകളും കൂട്ടിവെച്ച് അനിയത്തിക്കായി ഏതോ കളിപ്പാട്ടമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..ഞാന്‍ സാവധാനം എന്റെ റൂമിലേക്ക്‌ നടന്നു.പുറകില്‍ അയാള്‍ ഭാര്യയെ നോക്കി പാടുന്ന ചന്ദ്രബിന്ദു ബാന്‍ഡിന്റെ പാട്ട്  കേള്‍ക്കാമായിരുന്നു..

      'ആമി ഏക്‌ റിക്ഷാ വാല ദിന്‍ കി എമ്നി ജാബെ..
      ബോലി കി ഓ മോണാലി  തുമി  കി ആമര്‍ ഹോബെ."

പിറ്റേദിവസം  ആ സ്ഥലത്തുകൂടി വരാന്‍  ഞാന്‍ ശ്രദ്ധിച്ചു..കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ചോക്ലേറ്റുകള്‍ ആ കുട്ടികള്‍ക്ക് നീട്ടി..ഏതോ പരിചിത ഭാവത്തില്‍ അവര്‍ നിഷ്കളങ്കമായി ചിരിച്ചു..പിന്നീടുള്ള കുറെ ദിവസങ്ങളിലും ..

                            ***                               ***                        ***
രഥയാത്ര  ആയതിനാല്‍ അന്ന് ഓഫീസ് നേരത്തെ കഴിഞ്ഞു..പതിവു പോലെ ആ വഴിയെ ഞാന്‍ നടന്നു..സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി ഒരു മദ്ധ്യവയസ്ക്ക അയാളുടെ റിക്ഷയില്‍ കയറുകയായിരുന്നു..പെട്ടന്ന് അയാള്‍ ചെരിഞ്ഞ് കുനിഞ്ഞിരുന്നു.ശക്തി കൂടുന്ന ചുമയില്‍ രക്തം ഊറിവന്നുകൊണ്ടിരുന്നു..ഭര്‍ത്താവിന്‍റെ  പരിചിതമായ ചുമയുടെ താളഭംഗം കേട്ട് ഭാര്യ ഓടിക്കിതച്ചു വന്നു.."ഹരേ ബാബ എന്ത് പറ്റീ.."ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അവര്‍ അയാളെ കോരിയെടുത്ത് നെഞ്ച് തടവിക്കൊണ്ടിരുന്നു..

ഇരുണ്ടിരുന്ന ആകാശം പെയ്യാന്‍ തുടങ്ങിയിരുന്നു..അവരുടെ സിന്ദൂരം മഴയിലൊലിച്ച് നെറ്റിയിലേക്ക് പരന്നു..അയാളുടെ മുന്‍പില്‍ രക്തത്തിന്റെ വൃത്തങ്ങള്‍ വലുതായിക്കൊണ്ടിരുന്നു..കുട്ടികള്‍ പകച്ചുനിന്നു..നഗരം പതിവുപോലെ നിസ്സംഗമായി എവിടേക്കോ അലഞ്ഞുകൊണ്ടിരുന്നു..സംഭ്രമത്തിന്‍റെ  ഒരു നിമിഷത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു..പിന്നെ ധൃതിയില്‍ പൊയ്ക്കൊണ്ടിരിക്കുന്ന ടാക്സികളിലൊന്നിനെ അവരുടെ അടുത്തേക്ക് വിളിച്ചു..അയാളെ അതില്‍ കയറ്റാന്‍ ഭാര്യയോട് ആവശ്യപ്പെട്ടപ്പോള്‍ അപരിചിതത്വത്താല്‍ അവര്‍ പകച്ചുനോക്കികൊണ്ടിരുന്നു..നിര്‍ബന്ധപൂര്‍വ്വം അവരെ കയറ്റി അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് വണ്ടി മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ എന്‍റെ കൈയ്യിലും മുറുകെ പിടിച്ചിരുന്നു..


അയാളെ അഡ്മിറ്റു ചെയ്തു അല്പം കഴിഞ്ഞ് നിസ്സംഗഭാവമുള്ള ഒരു ഡോക്ടര്‍ എന്നെ വിളിപ്പിച്ചു.."ആദ്യമെയുള്ള ക്ഷയം കൂടിയതിനു പുറകെ മര്‍ദ്ദനമേറ്റതുകൊണ്ടാണ് നില വഷളായത്..ഇനി കാര്യമായി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല..".  ഞാന്‍ അവിടെനിന്നിറങ്ങി ..മര്‍ദ്ദനമോ?..എന്തിനു?ആര്?..

പുറത്തെ  ബെഞ്ചില്‍ കാത്തിരിക്കുന്ന ഭാര്യയുടെ ആധിയും സങ്കടവും നിറഞ്ഞ കണ്ണുകള്‍ക്ക്‌ മുന്പില്‍ എനിക്കൊന്നും പറയാനായില്ല..എല്ലാം വേഗം ശരിയാകും എന്ന് അവരുടെ തോളില്‍ കൈവെച്ചു ചിരിച്ചു..
മരുന്നും ഭക്ഷണവും പൈസയും അവരുടെ കൈയ്യില്‍ വെച്ചു ഞാന്‍ മടങ്ങി.

                                 ***                   ***                        ***

അവിചാരിതമായി കുറച്ചു ദിവസങ്ങള്‍ക്ക് എനിക്ക് നാട്ടില്‍ പോകേണ്ടി വന്നു..പാതി മറഞ്ഞ ഓര്‍മ്മയില്‍ അവരെക്കുറിച്ചുള്ള ആശങ്ക ഒതുങ്ങി..
തിരിച്ചെത്തിയ ദിനം ആ വഴിയെ പതിയെ നടക്കുമ്പോള്‍ നേരിയ കുറ്റബോധവും ആകാംഷയും ഉള്ളില്‍ നിഴലിച്ചു..ആ പെട്ടിവീടിന്‍റെ മുന്‍പില്‍ ഞാന്‍ സംശയിച്ചു നിന്നു .. അയാള്‍?.

ഉന്മേഷം പോയിമറഞ്ഞ മുഖഭാവത്തോടെ മൂത്ത കുട്ടി ഇറങ്ങിവന്നു.."ബാബാ?" പതിയെ ഞാന്‍ ചോദിച്ചു .."ബാബാ ചോലെഗാച്ച്" അവനില്‍ ഏതോ വിതുമ്പല്‍ ബാക്കി നിന്നപോലെ..തല കുനിച്ചു വീടിന്റെ അകത്തു കയറി..അവിടെ നിലത്തൊരു  പായയില്‍ അയാളുടെ ഭാര്യ ചുരുണ്ടുകൂടി കിടക്കുന്നു.."ദീദി" ഞാന്‍ പതിയെ കുനിഞ്ഞു.പ്രതികരണം മറന്നപോലെ അവര്‍ അനങ്ങിയില്ല..എന്ത് പറയണമെന്നറിയാതെ ഞാന്‍ പതുക്കെ  തിരിഞ്ഞു നടന്നു ..


പിറ്റേദിവസം പതിവില്ലാതെ കനത്ത മഴയായിരുന്നു..കാറ്റ് കുടയെ അപ്രസക്തമാക്കിക്കൊണ്ടിരുന്നു..വീണ്ടും ആ വഴി വന്നപ്പോള്‍ ഏതോ വിഷാദം ഉള്ളിലുണ്ടായിരുന്നു..അവരെ എങ്ങനെ കാണും.?കുട്ടികള്‍ക്ക് കുറച്ചു ബേഗുണി പൊതിഞ്ഞു വാങ്ങി അങ്ങോട്ട്‌ തന്നെ നടന്നു..
പതിവിലധികം ബഹളങ്ങള്‍ മഴയ്ക്ക്‌ മുകളിലൂടെയും ഉയര്‍ന്നു കേള്‍ക്കുന്നു..അവരുടെ വീടിനു പുറത്താണ്..മൂന്നു നാല് ആളുകള്‍ ആ സ്ത്രീയെ എന്തോ പറഞ്ഞു ഭീഷണിപ്പെടുത്തുന്നു.ഒരാള്‍ അവരെ എങ്ങോട്ടോ കൊണ്ടുപോകാനായി പിടിച്ചുവലിക്കുന്നു..'അമി ആഷ്ബേന".. അവര്‍ നിലവിളിച്ചുകൊണ്ട് സര്‍വ്വശക്തിയുമെടുത്ത് എതിര്‍ക്കുന്നുണ്ട്..പെട്ടന്നുള്ള ഉള്‍വിളിയാലെന്നോണം ഞാന്‍ ഓടിച്ചെന്നു ആ സ്ത്രീയുടെയും കുട്ടികളുടെയും കൈ  പിടിച്ചു പുറത്തേക്കോടി..

ഒരപരിചിതയുടെ അപ്രതീക്ഷിത ഇടപെടലില്‍ ആ ആളുകള്‍ അല്പനേരം സ്തംഭിച്ചു നിന്നു..പിന്നെ ഏതോ കടുത്ത വാക്കുകള്‍ വര്‍ഷിച്ചുകൊണ്ട് ബലപ്രയോഗത്തിനുള്ള മുഖഭാവവുമായി പുറകെ ഓടിവന്നുകൊണ്ടിരുന്നു.ധരംതലയ്ക്കുള്ള തിരക്കേറിയ ബസ്‌ വരുന്നുണ്ടായിരുന്നു..ധൃതിയില്‍ ദീദിയേയും കുട്ടികളെയും അതില്‍ വലിച്ചു കയറ്റി..

ഇനി..?മനസ്സില്‍ ചോദ്യം അല്പമാശങ്കയോടെ പൊങ്ങി..ദീദിയുടെ മുഖത്ത് നോക്കി..അവിടെ തെളിഞ്ഞുകണ്ട ആശ്വാസം ഏതോ ശക്തി പകര്‍ന്നു..എന്‍റെ  ഹോസ്റ്റലില്‍ ഇവരെ കൊണ്ടുപോകാനാകില്ല..പിന്നെ..?സ്ഥലങ്ങളധികം പരിചയവുമില്ല..പെട്ടന്ന് ഞാന്‍ സുപര്‍ണയെ ഓര്‍ത്തു..എന്‍റെ  സഹപ്രവര്‍ത്തകയും നല്ല മനസുള്ള സുഹൃത്തുമാണ്‌...ഇവിടെ എവിടെയോ ആണു വീട്..ഏതെങ്കിലും താമസസ്ഥലം പറഞ്ഞുതരാന്‍ അവള്‍ക്കാകുമായിരിക്കും..

ഒരുപാട് അന്വേഷണങ്ങള്‍ക്കുശേഷം നഗരത്തിന്‍റെ  പ്രധാന വീഥിയില്‍ നിന്നു മാറി വാടക മിതമായ സുരക്ഷിതമായ ഒരു വീട് അവള്‍ തന്നെ ശരിയാക്കി തന്നു..എന്‍റെ  ബാഗുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊപ്പം എട്ടു വയസ്സുകാരന്‍ ബിമലിനും നാലുവയസ്സുകാരി താരയ്ക്കുമായി കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളും ദീദിയ്ക്കായി തയ്യല്‍മെഷീനും അവിടെ ഞങ്ങള്‍ അടുക്കി..പുറകില്‍ അല്പം ദൂരെയായി വെറുതെ കിടക്കുന്ന കൊച്ചു പാടത്തുനിന്നു വരുന്ന കാറ്റിനൊപ്പം ഞങ്ങളുടെ പാട്ടും കഥകളും നിറഞ്ഞു..

                                              ***           ***         ***
"മാ..നമുക്കിതിനെ ഇവിടെ താമസിപ്പിക്കാം.?"അമ്മയോടൊരു അനുവാദചോദ്യവുമായി ബിമല്‍ കയറി വന്നു പുറകെ താരയും..ഗ്രൌണ്ടിലെ കളികഴിഞ്ഞ് മഴ നനഞ്ഞു കയറി വരുന്ന അവന്റെ കൈയ്യില്‍ ഒരു കൊച്ചു പൂച്ചക്കുട്ടി ഒതുങ്ങിയിരിക്കുന്നു.. "റോഡില്‍ മഴ നനഞ്ഞു കിടക്കുകയായിരുന്നു മാ.."ഒരു ചെറിയ തുണിക്കഷണമെടുത്ത് താര അതിന്റെ കുതിര്‍ന്ന ശരീരത്തെ പൊതിഞ്ഞു.

      

Thursday 10 May 2012

കവിതപ്പൊട്ടുകള്‍

ഹൃദയം


അക്ഷരങ്ങള്‍ മഷിയുപേക്ഷിച്ചു
ഇലക്ട്രിക് ധാരകളായി
ഡോട്ട് കോമിലേക്ക്
കൂട് കൂട്ടിയിട്ടും.. 
ചിത്രങ്ങള്‍ 
ചായങ്ങളുപേക്ഷിച്ചു 
ഗ്രാഫിക്സില്‍ പടര്‍ന്നിട്ടും..
ഹൃദയമെന്തേ 
ഇപ്പോഴും 
ആ പഴയ 
വികാരങ്ങളുടെ 
വലക്കണ്ണികള്‍ 
എണ്ണിക്കൊണ്ടേയിരിക്കുന്നു  



ഓര്‍മ്മ




എന്‍റെ ഓര്‍മ്മകള്‍ തൂവല്‍ പോലെയാണ്
ചിലപ്പോള്‍ നനുത്ത ഭാഗം കൊണ്ട് തലോടുകയും 
ചിലപ്പോള്‍ കൂര്‍ത്ത മുനയാല്‍
കുത്തി നോവിക്കുകയും ചെയ്യുന്ന 
നീണ്ട തൂവല്‍ 


സ്നേഹം 




വികലാംഗനായ സ്നേഹം 
  വലിഞ്ഞു വലിഞ്ഞു നടക്കുന്നു
സ്വപ്‌നങ്ങള്‍ പൊടിച്ചിട്ട ചില്ല് പാളികളിലൂടെ.. 
കാലം കൊത്തിയ ചുളിവുകളും 
കീറിയ മുറിവുകളും പേറി...
ഉള്ളെരിയുന്ന വെളിച്ചത്തെ
 കൂട്ടുപിടിച്ച്...




സാഫല്യം




എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു
നിമിഷശലഭങ്ങളോടവന് അസൂയയാണെന്ന്‍..
സ്വയമെരിഞ്ഞു തീരുമെന്നറിഞ്ഞിട്ടും 
ദീപത്തെ പ്രണയിക്കാതിരിക്കാന്‍ 
അവയ്ക്കാകുന്നില്ലല്ലോ..
ആത്മാവിലുറച്ച സ്നേഹം
നഷ്ടങ്ങളുടെ കണക്കെടുക്കാതെ..
ഒരു നിമിഷജീവിതം..പക്ഷെ,
 സ്നേഹം സര്‍വ്വം..സമ്പൂര്‍ണം..


  

മനസ്സ്‌





മനസ്സില്‍ ആകാശത്തിലെ
 മേഘങ്ങള്‍ ഉരുണ്ടുകൂടവേ..
സമുദ്രത്തിലെ തിരകള്‍ അലയടിക്കവേ..
കടല്‍ക്കരയിലെ കോണിനെ ഞാനിഷ്ടപ്പെടുന്നു..
അവിടെ ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നു..
എന്‍റെ മനസ്സുപോലെ..
അത് വെറും തോന്നലാണെന്നു
 ആരോ പറയുന്നുണ്ടായിരുന്നു.. 


ജീവിതം



കടലാസും പെന്‍സിലും ചായപ്പെട്ടികളുമായി ഞാനിരുന്നു..
എന്‍റെ ജീവിതത്തിന്റെ രൂപം വരയ്ക്കുവാന്‍..
ചിത്രത്തിന്‍ വക്കുകള്‍ക്ക് വ്യക്തത വരുത്തവെ,
കൈകളില്‍ നിന്ന് അവിവേകവും അശ്രദ്ധയും വിരല്‍ നീട്ടി
തട്ടിമറിച്ചതാണീ ചായപാത്രം..
പടര്‍ന്നുകയറിയ ചായങ്ങളില്‍ എനിക്കെന്നെ നഷ്ടപ്പെട്ടെങ്കിലും
ചിത്രമിപ്പോള്‍ വര്‍ണസമ്പന്നമായ കൊളാഷ്..

പ്രതീക്ഷ




ഞാന്‍ തന്ന മഞ്ഞുതുള്ളിയില്‍
നിന്‍ സ്നേഹരശമിയുടെ
ഗുപ്തവര്‍ണ്ണം ചാലിക്കുമോ..
കാണണം നമുക്കൊരു  മഴവില്ല്..